10-07-2026
മാർ ജെയിംസ് പഴയാറ്റിൽ വിശുദ്ധി നിറഞ്ഞ ആത്മീയാചാര്യൻ: മാർ കണ്ണൂക്കാടൻ
ഇരിങ്ങാലക്കുട: ആർക്കും സമീപിക്കാവുന്ന, ആരിലേക്കും ഇറങ്ങിച്ചെല്ലുന്ന ലാളിത്യത്തിന്റെ സുവിശേഷവും വിശുദ്ധിനിറഞ്ഞ ആത്മീയാചാര്യനുമായിരുന്നു മാർ ജെയിംസ് പഴയാറ്റിലെന്നും അദ്ദേഹത്തിന്റെ്റെ ജീവിതമാതൃക ഇരിങ്ങാലക്കുട രൂപതയ്ക്ക് എന്നും പ്രചോദനമാണെന്നും ബിഷപ് മാർ പോളി കണ്ണൂക്കാടൻ, രൂപതയുടെ പ്രഥമ ബിഷപ് മാർ ജെയിംസ് പഴയാറ്റിലിന്റെ പത്താം ചരമവാർഷികാചരണത്തിന്റെ ഭാഗമായി ഇരിങ്ങാലക്കുട സെൻ്റ് തോമസ് കത്തീഡ്രലിൽ നടന്ന അനുസ്‌മരണ ദിവ്യബലിയിൽ മുഖ്യകാർമികത്വം വഹിച്ചു സന്ദേശം നൽകുകയായിരുന്നു ബിഷപ്.
ദൈവപരിപാലനയിൽ ആശ്രയിച്ച് മറ്റുള്ളവർക്കു നന്മ ചെയ്ത തിരുഹൃദയോപാസകനായ ഒരു നല്ലിടയൻ ഇവിടെ വിശ്രമിക്കുന്നു എന്നാണു ജെയിംസ് പിതാവിൻ്റെ കല്ലറയിൽ ആലേഖനം ചെയ്തിരിക്കുന്നത്. എല്ലാം ദൈവമഹത്വത്തിനു വേണ്ടി എന്നുള്ളതായിരുന്നു ജെയിംസ് പിതാവിൻ്റെ ആപ്‌ത വാക്യം. ഇല്ലായ്‌മകളും പരിമിതികളും ഒക്കെ ഉണ്ടായിരുന്നിട്ടും മോശയുടെ കരുത്തോടെ അബ്രാഹത്തിൻ്റെ വിശ്വാസദാർഢ്യത്തോടെ ദാവീദിൻ്റെ പ്രസരിപ്പോടെ സോളമന്റെ വിജ്ഞാനത്തോടെ പ്രതിബന്ധങ്ങളെയും അനിശ്ചിതത്വങ്ങളെയും അതിജീവിച്ച് 32 വർഷക്കാലം രൂപതയെ പിതാവ് വളർത്തി. പുഞ്ചിരിക്കുന്ന മുഖത്തോടെ ചുറ്റിലുമുള്ള സകലരിലും നന്മമാത്രം കാണുകയും നന്മ ചെയ്യാൻ പരിശ്രമിക്കുകയും ചെയ്‌ത ഒരു ജീവിതശൈലിയായിരുന്നു ജെയിംസ് പിതാവിൻ്റേതെന്ന് മാർ പോളി കണ്ണൂക്കാടൻ കൂട്ടി ചേർത്തു.
രൂപത വികാരി ജനറാൾമാ രായ മോൺ. ജോസ് മാളിയേക്കൽ, മോൺ. വിൽസൺ ഈരത്തറ, മോൺ. ആൻ്റു ആലപ്പാടൻ, കത്തീഡ്രൽ വികാരി ഫാ. ഡോ. ലാസർ കുറ്റിക്കാടൻ എന്നിവരും പത്ത് ഫൊറോന വികാരിമാരും സന്യസ്‌ത സഭകളുടെ പ്രതിനിധികളായി ക്രൈസ്റ്റ് കോളജ് മാനേജർ ഫാ. . ജോയ് ജോയ് പീണിക്കപ്പറമ്പിൽ, ഡോൺബോസ്കോ റെക്ടർ ഫാ. എമ്മാനുവേൽ വട്ടക്കുന്നേൽ എന്നിവരും സഹകാർമികരായിരുന്നു. രൂപതയിലെ നൂറോളം വൈദികരും ദിവ്യബലിയിൽ കാർമികരായി. രൂപതയിലെ 60,000 കുടും ബങ്ങളെയും രണ്ടര ലക്ഷത്തോളം വിശ്വാസികളെയും പ്രതിനിധീകരിച്ച് വൈദികരെക്കൂടാതെ സന്യാസിനി സമൂഹങ്ങളുടെ പ്രൊവിൻഷ്യൽ സുപ്പീരിയർമാർ, കൗൺസിലർമാർ, സന്യാസിനി സന്യാസ ഭവനങ്ങളിലെ സുപ്പീരിയർമാർ, വൈദിക വിദ്യാർഥികൾ, ഓരോ ഇടവകയിലെ കൈക്കാരൻമാർ, പാസ്റ്ററൽ കൗൺസിൽ അംഗങ്ങൾ, കുടുംബ കുട്ടായ്‌മ രൂപത - ഫൊറോന ഭാരവാഹികൾ, ഇടവക കേന്ദ്രസമി തിഭാരവാഹികൾ, രൂപത ഏകോപനസമിതി അംഗങ്ങൾ, പഴയാറ്റിൽ കുടുംബത്തിലെ അംഗങ്ങൾ, കത്തീഡ്രൽ ഇടവകയിലെ കുടുംബസമ്മേളന യൂണിറ്റ് പ്രസിഡൻ്റുമാർ എന്നിവർ പങ്കെടുത്തു.