05-07-2026
സ്നേഹമാണ് ക്രിസ്ത്യാനിയുടെ മുഖമുദ്ര: മന്ത്രി റോജി എം. ജോൺ
വിശ്വാസം എന്താണെന്ന് ഒറ്റവാക്കിൽ പറയുകയാണെങ്കിൽ അതു സ്നേഹമാണെന്ന് ഉന്നത വിദ്യാഭ്യാസ മന്ത്രി റോജി എം. ജോൺ. പരിപൂർ ണതയേക്കാൾ സഹാനുഭൂതിയും അനുകമ്പയും ആയിരിക്കണം ക്രൈസ്‌തവന്റെ സവിശേഷതയെന്നും മന്ത്രി പറഞ്ഞു. ഇരിങ്ങാലക്കുട രൂപതയുടെ കുടുംബവർഷത്തിന്റെയും സാമുദായിക ശാക്തീകരണത്തിന്റെയും ഭാഗമായി നടത്തിയ കുടുംബ കൂട്ടായ്‌മ ഭാരവാഹികളുടെ മഹാസംഗമം ഉദ്ഘാടനം ചെയ്‌തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. കുടുംബങ്ങൾ കണ്ടുമുട്ടലിന്റെ വേദിയാകണം. വ്യക്തി എന്ന രീതിയിൽ ഒറ്റപ്പെട്ടു പോകരുത്. കുടുംബബന്ധങ്ങളിൽ സ്നേഹം നഷ്ടപ്പെടുന്നു. അതിലൂടെ വിശ്വാസത്തിന്റെ ആഴവും, അതാണ് ഇന്നത്തെ ഏറ്റവും വലിയ പ്രശ്നം.
സ്നേഹബന്ധം ഊഷ്‌മളമാക്കാൻ ലെയോ മാർപാപ്പ 'സ്നേഹത്തിന്റെ സന്തോഷം' എന്ന അപ്പസ്തോലിക പ്രബോധനത്തിൽ പറയുന്ന മൂന്നുകാര്യങ്ങൾ പറയാൻ ശീലിച്ചാൽ നമുക്കു സാധിക്കും. സോറി, താങ്ക് യു, പ്ലീസ് എന്നീ മൂന്നു വാക്കുകളാണ് അവ. ഇന്നു കൗമാര ക്കാരും യുവാ ക്കളും വലിയൊരു പങ്ക് രാസലഹരിയുടെ പിടിയിലാണ്. ഓപ്പറേഷൻ തൂഫാൻ പോലുള്ള പദ്ധതികളിലൂടെ സംസ്ഥാന സർക്കാർ വലിയൊരു ദൗത്യ ത്തിനു നാന്ദികുറിച്ചിരിക്കുകയാണ്. അതിന് ഏവരുടെയും പിന്തുണ അനിവാര്യമാണ്. അണുകുടുംബങ്ങളായതോടെ കുട്ടികൾ നിരവധി മാനസിക വെല്ലുവിളികളും ഇപ്പോൾ നേരിടുന്നുണ്ട്. കൂടുംബമാണ് കുട്ടിയുടെ പ്രഥമ പാഠശാല, കുടുംബങ്ങൾക്ക് തിരുത്തൽ ശക്തിയായി മാറാൻ കഴിയണം.
സ്വന്തം മതത്തിന്റെ അന്തസത്ത കൃത്യമായി ആഴത്തിൽ ബോധ്യപ്പെടാത്ത അംഗങ്ങളാണ് ആ മതത്തിന്റെ ഏറ്റവും വലിയ ശത്രു. അതു ഹിന്ദുവായാലും ക്രിസ്ത്യാനിയായാലും മുസൽമാനായാലും ഹിന്ദുമതത്തിന്റെ സത്തമനസിലാക്കിയതിനാലാണു ഗാന്ധിജി പറഞ്ഞത് ഞാൻ ഒരു യഥാർഥ ഹിന്ദുവായതിനാൽ ഞാൻ യഥാർഥ ക്രിസ്ത്യാനിയെയും മുസ്ലീമിനെയും ബഹുമാനിക്കുന്നു, അംഗീകരിക്കുന്നു. സ്നേഹിക്കുന്നു. ഈയൊരു തിരിച്ചറിവ് ഭാരതജനതയുടെ ഹൃദയങ്ങളിൽ പ്രതിഷ്ഠിക്കപ്പെട്ടാൽ ഇവിടെ മതസൗഹാർദവും സാഹോദര്യവും വളരും. വിശ്വാസം പ്രകാശിതമാകും- മന്ത്രി കൂട്ടിച്ചേർത്തു.
മാർപാപ്പ ആഹ്വാനം ചെയ്യുന്നതുപോലെ സ്വത്വബോധം വളർത്തിയെടുക്കാൻ ക്രൈസ്‌തവരായ നമുക്കു കഴിയണമെന്ന് ഇരിങ്ങാലക്കുട രൂപത ബിഷപ് മാർ പോളി കണ്ണൂക്കാടൻ തൻ്റെ അധ്യക്ഷപ്രസംഗത്തിൽ പറഞ്ഞു. നാം തിന്മകൾക്കു കീഴ്പ്‌പെടരുത്. വിവര സാങ്കേതികതയും ആർട്ടിഫിഷൽ ഇന്റലിജൻസും നമ്മുടെ ചിന്താശേഷിയേയും സർഗശേഷിയേയും അടിമപ്പെടുത്തരുത്. നാം ദൈവമക്കളാണെന്ന അടിസ്ഥാനബോധ്യം വിസ്മരിക്കരുത്. ബാബേൽ ഗോപുരം പണിതതോടെയാണ് ഇസയേൽജനം ചിതറിക്കപ്പെട്ടത്. അഹങ്കാരവും ദൈവത്തെ മറന്നുള്ള പ്രവൃത്തികളും നമ്മെ ചിതറിക്കും. എളിമയുള്ളിടത്തേ ദൈവാനുഗ്രഹത്തിന്റെ നിറസമ്യദ്ധിയുണ്ടാകൂ- ബിഷപ് പറഞ്ഞു.