Diocese of Irinjalakkuda

14-06-2026

“വിശ്വാസപരിശീലകർ ജീവിതംകൊണ്ട് സംസാരിക്കുന്നവരാകണം” മേജർ ആർച്ച് ബിഷപ്പ് മാർ റാഫേൽ തട്ടിൽ

വിശ്വാസപരിശീലകർ ജീവിതംകൊണ്ട് സംസാരിക്കുന്നവരാകണം: മേജർ ആർച്ച് ബിഷപ്പ്   മാർ റാഫേൽ തട്ടിൽ

തൃശൂർ: വിശ്വാസപരിശീലകർ ജീവിതംകൊണ്ട് സംസാരിക്കുന്നവരാകണം. അറിവ് തിരിച്ചറിവിന്റെ കളരി ആക്കാനുള്ള മേഖലയാണ് മതബോധനം. ജീവിതസാക്ഷ്യം കൂടാതെയുള്ള മതബോധനം അധരവ്യായായാമാണെന്നും  ഇടവകയെ വിശ്വാസത്തിൽ പടുത്ത് ഉയർത്താനുള്ള വികാരിയുടെ കൂട്ടുപങ്കാളികളാണ്  മത അധ്യാപകരെന്നും മേജർ ആർച്ച് ബിഷപ്പ് പറഞ്ഞു. കുഞ്ഞുങ്ങൾ നോക്കി കാണുന്ന കണ്ണാടിയാണ് മതാധ്യാപകർ,  വ്യാഖ്യാനം കൂടാതെ കുട്ടികൾക്ക് മനസ്സിലാക്കാനുള്ള ജീവിതശൈലി മത അധ്യാപകർക്ക് ഉണ്ടാകണമെന്നും മേജർ ആർച്ച് ബിഷപ്പ് ഉദ്ബോധിച്ചു. ഇരിങ്ങാലക്കുട രൂപത മതബോധന അദ്ധ്യാപകരുടെ സംഗമം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.   ഇരിങ്ങാലക്കുട രൂപതയുടെ വിദ്യാജ്യോതി വിശ്വാസപരിശീലന യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ, രൂപതയിലെ 141 ഇടവകകളിലെയും മതബോധന അധ്യാപകരെ ഒരുമിപ്പിക്കുന്ന TED FEST 2026 (Teachers Empowering Day) കൊടകര സഹൃദയ എ‍ഞ്ചിനിയറിംഗ് കോളേജിൽ  വച്ച് സംഘടിപ്പിച്ചു.  ഇരിങ്ങാലക്കുട രൂപത ബിഷപ്പ് മാർ പോളി കണ്ണൂക്കാടൻ ‍അദ്ധ്യക്ഷത വഹിച്ച സംഗമം സീറോ മലബാർ സഭയുടെ മേജർ ആർച്ച് ബിഷപ്പ് മാർ റാഫേൽ തട്ടിൽ ഉദ്ഘാടന നിർവഹിച്ചു
വിശ്വാസപരിശീലന രംഗത്തെ സമകാലിക വെല്ലുവിളികളെ നേരിടാനും കുട്ടികളുടെയും യുവജനങ്ങളുടെയും വിശ്വാസജീവിതത്തെ കൂടുതൽ ഫലപ്രദമായി നയിക്കാനും അധ്യാപകർ പ്രാപ്തരാകണമെന്നും അതിന് വിശ്വാസപരിശീലകർ സുവിശേഷത്തിൽ ആനന്ദം കണ്ടെത്തണമെന്നും ഇരിങ്ങാലക്കുട രൂപത ബിഷപ്പ്  മാർ പോളി കണ്ണൂക്കാടൻ തന്റെ അദ്ധ്യക്ഷ പ്രസംഗത്തിൽ പറഞ്ഞു.  ഉദ്ഘാടന സമ്മേളനത്തിൽ വച്ച്  ഇരിങ്ങാലക്കുട രൂപതയുടെ പുതിയ വെബ്സൈറ്റിന്റെ ഉദ്ഘാടനകർമ്മം സീറോ മലബാർ സഭയുടെ മേജർ ആർച്ച് ബിഷപ്പ് മാർ റാഫേൽ തട്ടിൽ നിർവഹിച്ചു.
തുടന്ന് നടക്കുന്ന വി. കുർബാനയ്ക്ക് മാർ റാഫേൽ തട്ടിൽ പിതാവ് മുഖ്യകാർമികത്വം വഹിച്ചു. കോട്ടപ്പുറം രൂപത വൈദികനും മോട്ടിവേഷൻ സ്പീക്കറുമായ ബഹു. ‍ഫാ. ഡയസ് ആന്റണി ക്ലാസുകൾക്ക് നേതൃത്വം നല്കി. വികാരി ജനറാൾമാരായ മോൺ. ജോസ് മാളിയേക്കൽ, മോൺ. ആൻ്റു ആലപ്പാട്ട്, പ്രശസ്ത ഗൈനിക്കോളജിസ്റ്റ് ഡോ. ഫിൻോ ഫ്രാൻസിസ്, അഭിഭാഷകയും അ‍ഞ്ച് മക്കുളുടെ അമ്മയുമായ അഡ്വാ. റീനു വിമൽ,  മരിയ അൽഫോസ റെജു തുടങ്ങിയവർ ഈ സംഗമത്തിൽ വിശിഷ്ടാതിത്ഥികളായിരുന്നു. സമാപന സമ്മേളനത്തിൽ വച്ച് സംഗമത്തിന്റെ സുവനീർ സഹൃദയ എൻജിനീയറിങ് കോളേജ് എക്സിക്യൂട്ടീവ് ഡയറക്ടർ റവ. ഫാ. ആന്റോ ചുങ്കത്ത് പ്രകാശനം ചെയ്തു. മുഖ്യ വികാരി ജനറൽ മോൺ. ജോസ് മാളിയേക്കൽ, വികാരി ജനറൽ മോൺ. ആന്റു  ആലപ്പാടൻ സന്ദേശം നൽകി. ബെസ്റ്റ് മതബോധന യൂണിറ്റുകൾക്കുള്ള അവാർഡ് ദാനവും ഒ ഗ്രേഡ് സ്വന്തമാക്കിയ മതബോധന അദ്ധ്യാപകർക്കുള്ള സമ്മാനദാനവും ഇരിങ്ങാലക്കുട രൂപത ബിഷപ്പ് മാർ പോളി കണ്ണൂക്കാടൻ നിർവഹിച്ചു. മ്യൂസിക് മിനിസ്ട്രി, ‍ഡാൻസ് തുടങ്ങി വ്യത്യസ്ത പരിപാടികൾ   സംഗമത്തിന്   കൂടുതൽ ഉണർവ് നല്കി. മുവായിരത്തിലധികം മതബോധന അദ്ധ്യാപകർ സംഗമത്തിൽ പങ്കെടുത്തു.
രൂപതയിലെ എല്ലാ മതബോധന അധ്യാപകരും ഈ മഹാസംഗമത്തിൽ സജീവമായി പങ്കുചേർന്ന് വിശ്വാസവിദ്യാഭ്യാസത്തിന്റെ മഹത്തായ ദൗത്യത്തെ കൂടുതൽ ശക്തിപ്പെടുത്തുന്ന രീതിയിൽ സംഗമത്തെ മാറ്റിയെടുക്കുന്നതിനായി രൂപതാമതബോധന ഡയറക്ടർ റവ. ഡോ. ഫാ. റിജോയ് പഴയാറ്റിൽ, അസോസിയേറ്റ് ഡയറക്ടർ റവ. ഫാ. സിബു കള്ളാപറമ്പിൽ, ഫൊറോന വികാരിമാർ, ഫോറോന ഡയറക്ടർമാർ, മതബോധന അനിമേറ്റേർസ് എന്നിവർ നേതൃത്വം നൽകി.